ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭക്തരാണ് ദിവസവും തിരുപ്പതി വെങ്കിടേശ്വരന്‍റെ അനുഗ്രഹത്തിനായി ഇവിടേക്കെത്തുന്നത്.കേരളത്തിൽ നിന്ന് തിരുപ്പതി വഴി സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുണ്ടെങ്കിലും തിരുപ്പതിയിലേക്ക് മാത്രമായി സർവീസ് നടത്തുന്ന ഒരു ട്രെയിൻ ഉണ്ട്.ട്രെയിൻ നമ്പർ 17422 കൊല്ലം - തിരുപ്പതി എക്സ്പ്രസ് ആണ് തിരുമല ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന ഈ ട്രെയിൻ. പാലക്കാട് നിന്ന് 11.30 മണിക്കൂർ യാത്രയാണ് ഈ ട്രെയിനിന് തിരുപ്പതിയിലേക്കുള്ളത്.ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കൊല്ലം - തിരുപ്പതി എക്സ്പ്രസിന്‍റെ സർവീസുകൾ. ബുധൻ, ശനി ദിവസങ്ങളിലാണ് തിരുപ്പതിയിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നത്. രാവിലെ 10:45 ന് കൊല്ലം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് പുലർച്ചെ 3:20 ഓടെ തിരുപ്പതി റെയിൽവേ സ്റ്റേഷനിലെത്തും. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ട്രെയിൻ നമ്പർ 17421 തിരുപ്പതി - കൊല്ലം സർവീസ്. ഉച്ചതിരിഞ്ഞ് 02:40ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6:20 നാണ് കൊല്ലം ജങ്ഷനിലെത്തുക.കൊല്ലത്ത് നിന്ന് പുറപ്പെടുന്ന (10:45 എഎം) തിരുപ്പതി ട്രെയിനിന് കായംകുളം ജങ്ഷൻ (11:20), മാവേലിക്കര (11:31), ചെങ്ങന്നൂർ (11:44), തിരുവല്ല (11:55), ചങ്ങനാശേരി (12:05), കോട്ടയം (12:24), എറണാകുളം ടൗൺ (1:35), ആലുവ (2:03), തൃശൂർ (3:00), പാലക്കാട് ജങ്ഷൻ (4:52) എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകളുള്ളത്. തുടർന്ന് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാഡി ജങ്ഷൻ, ചിറ്റൂർ സ്റ്റേഷനുകൾ പിന്നിട്ട് തിരുപ്പതിയിൽ യാത്ര അവസാനിപ്പിക്കും.കൊല്ലം - തിരുപ്പതി എക്സ്പ്രസിൽ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് സ്ലീപ്പർ ക്ലാസിന് 149 രൂപയും 3A ക്ലാസിന് 1160 രൂപയും 2A ക്ലാസിന് 1665 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കൊല്ലം - തിരുപ്പതി എക്സ്പ്രസ് ട്രെയിനിന് പുറമെ, എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസ്, പൂനെ എക്സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കും തിരുപ്പതിയിൽ സ്റ്റോപ്പുണ്ട്. റെനിഗുണ്ടയാണ് തിരുപ്പതിയ്ക്ക് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ. തിരുപ്പതിയിൽനിന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.