Drisya TV | Malayalam News

22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നു 

 Web Desk    12 Sep 2024

രാമേശ്വരത്തേക്കുള്ള പുതിയ റെയിൽപ്പാലത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടത്താനാണ് തീരുമാനം.ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും.ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. 18.3 മീറ്റർ നീളമുള്ള 200 സ്‌പാനുകളാണ് ഇതിനുള്ളത്.കപ്പലുകൾക്ക് വഴിയൊരുക്കുന്നതിന് ഉയർന്നുകൊടുക്കുന്ന നാവിഗേഷൻ സ്പാനിന് 63 മീറ്ററാണ് നീളം. ഇത് 17 മീറ്റർ ഉയരത്തിലേക്കു നീങ്ങും. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെർട്ടിക്കൽ ലിഫ്റ്റിങ് ' പാലമാണ് പാമ്പനിലേത്.രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്.പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്.തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ റോഡുമാർഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സർവീസ് പുനരാരംഭിക്കും.

  • Share This Article
Drisya TV | Malayalam News