അന്തരീക്ഷ താപനില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് അത്യന്താപേക്ഷിതമാണ്.ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയാന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. ദിവസവും 10 മുതല്‍ 12 ഗ്ലാസ് വെള്ളം വരെ നിര്‍ബന്ധമായും കുടിക്കണം.എന്നാല്‍ അതുകൊണ്ട് മാത്രം നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. അമിതമായി വിയര്‍ക്കുക, ഉയര്‍ന്ന താപനില, ദീര്‍ഘനേരം വെയില്‍കൊള്ളുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ മുതലായവ കൊണ്ടൊക്കെ എത്ര വെള്ളം കുടിച്ചാലും മതിയാകാതെ വരാം. ആവശ്യത്തിന് വെള്ളം കുടിച്ചുവെന്ന് കരുതുമ്പോഴും തളര്‍ച്ച, തലകറക്കം, നാവ് വരണ്ടിരിക്കുന്നത് പോലെ തോന്നുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിങ്ങനെയുള്ള നിര്‍ജ്ജലീകരണ ലക്ഷണങ്ങളും അനുഭവപ്പെടാം.ശരീരത്തിലെ ഫ്‌ളൂയിഡുകളുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉപ്പ് പ്രധാന പങ്കുപവഹിക്കുന്നുണ്ട്. ഉപ്പ് കഴിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കുവാനും കഴിയുന്നു. അതിലൂടെ നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുന്നുവെന്ന് ജിന്‍ഡാല്‍ നേച്ചര്‍കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ഡയറ്റീഷ്യന്‍ സുഷ്മ പറയുന്നു.ആരോഗ്യകരമായ വൃക്കകളുടെ പ്രവര്‍ത്തനം ഉള്ളവരില്‍ സ്വഭാവികമായിതന്നെ സോഡിയം ക്ലോറൈഡ് ലെവല്‍ നിയന്തിക്കപ്പെടുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം ഉള്ളവരുടെ ആരോഗ്യത്തെ അമിതമായ ഉപ്പിന്റെ ഉപഭോഗം പ്രതികൂലമായി ബാധിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ ഇത്തരത്തില്‍ ഉപ്പിന്റെ അളവില്‍ മാറ്റം വരുത്താന്‍ പാടുള്ളൂവെന്ന് സി കെ ബിര്‍ല ഗ്രൂപ്പ് ഹോസ്പ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ.രാജീവ് ഗുപ്ത പറയുന്നു.