Drisya TV | Malayalam News

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ

 Web Desk    24 Aug 2025

മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി.തീരുമാനം 10ലേക്ക് മാറ്റി. ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിയത്. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മദ്യത്തിന് 10-ാം തീയതി മുതൽ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു.

മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി നശീകരണം ഉണ്ടാക്കാതിരിക്കാനാണ് തമിഴ്നാട് മോഡലിൽ പുതിയ പരീക്ഷണം. മിനറൽ വാട്ടർ കുപ്പികളും മദ്യകുപ്പിയും നാട്ടിലും തോട്ടിലും പുഴയിലും വലിച്ചെറിഞ്ഞുണ്ടായ പരിസ്ഥിതി നാശം വലുതാണ്. മിനറൽ വാട്ടർ കുപ്പി നിയന്ത്രണത്തിന് കോടതി ഇടപെട്ടു, ഇതോടെയാണ് മദ്യക്കുപ്പികളുടെ കാര്യത്തിൽ തമിഴ്നാട് മോഡൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. അത് വഴി ഖജനാവിലേക്ക് പണവും കൂടുതൽ കിട്ടും. ബെവ്കോയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ 800 രൂപയ്ക്ക് മുകളിൽ വരുന്ന മദ്യം ഗ്ലാസ് ബോട്ടിലായിരിക്കും ഇനി വിൽക്കുക. സെപ്റ്റംബര്‍ 10 മുതൽ മദ്യത്തിന് 20 രൂപ അധികം നൽകണം. ഇതൊരു ഡെപോസിറ്റാണ്. പ്ലാസ്റ്റിക് - ഗ്ലാസ് കുപ്പികള്‍ തിരികെ വാങ്ങിയ ഔട്ട് ലെറ്റുകളിൽ തന്നെ നൽകിയാൽ ഈ ഡെപ്പോസിറ്റ് തിരികെ നൽകും.

ഡെപ്പോസിറ്റ് നൽകി മദ്യം വാങ്ങുന്നയാള്‍ മദ്യക്കുപ്പി തിരികെ നൽകിയില്ലെങ്കിൽ സർക്കാരിനാകും ലാഭം. വാങ്ങുന്ന ആള്‍ തന്നെ കുപ്പി തിരികെ നൽകണമെന്നില്ല. ബെവ്കോയുടെ ഹോളോഗ്രാമുള്ള കുപ്പി ആരും ശേഖരിച്ച് ഔട്ട് ലെറ്റികൊണ്ട് കൊടുത്താലും പണം ലഭിക്കും. 900 രൂപക്ക് മുകളിലുള്ള മദ്യം ലഭിക്കുന്ന സൂപ്പർ പ്രീമിയം ഒട്ട് ലെറ്റുകളും തുടങ്ങും.

  • Share This Article
Drisya TV | Malayalam News