Drisya TV | Malayalam News

മോശം സേവനത്തിന് ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്തി ഡൽഹി കൺസ്യൂമർ ഫോറം

 Web Desk    17 Aug 2025

യാത്രക്കാരിക്ക് വൃത്തിയില്ലാത്ത സീറ്റ് നൽകിയതിനാണ് പിഴ. നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ പിഴ നൽകാനാണ് ഉത്തരവ്. പൂനം ചൗധരി അദ്ധ്യക്ഷയായ ന്യൂഡൽഹി ഡിസ്‌ട്രിക്‌ട് കൺസ്യൂമർ ‌ഡിസ്‌പൂട്ട്‌സ് റെ‌ഡ്രസൽ കമ്മിഷന്റേതാണ് ഉത്തരവ്. പിങ്കി എന്ന യുവതിയാണ് പരാതിക്കാരി. വിമാനത്തിൽ തനിക്ക് വൃത്തിയില്ലാത്തതും അഴുക്ക് പിടിച്ചതും നിറം മങ്ങിയതുമായ സീറ്റാണ് നൽകിയതെന്നാണ് പിങ്കി പരാതിയിൽ ഉന്നയിച്ചത്. ജനുവരി രണ്ടിന് അസർബൈജാനിലെ ബകുവിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.

സീറ്റിന്റെ മോശം അവസ്ഥയെക്കുറിച്ച് വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യാത്രക്കാരിക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, പരാതി ഉയർന്നതിന് പിന്നാലെ പകരം സീറ്റ് നൽകിയെന്നും അറിയിച്ചു. സംഭവത്തിൽ ഇൻഡിഗോയ്ക്ക് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്ന് ന്യൂഡൽഹി ഡിസ്‌ട്രിക്‌ട് കൺസ്യൂമർ ‌ഡിസ്‌പൂട്ട്‌സ് റെ‌ഡ്രസൽ കമ്മിഷൻ വ്യക്തമാക്കി.

ജൂലായ് ഒൻപതിന് നൽകിയ ഉത്തരവിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യാത്രക്കാരി നേരിട്ട മാനസിക പ്രയാസം, ശാരീരിക വേദന, അപമാനം എന്നിവ കണക്കിലെടുത്താണ് വിമാനക്കമ്പനിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കോടതി ചെലവായി 25,000 രൂപ നൽകാനും ഫോറം ഉത്തരവിട്ടു.

  • Share This Article
Drisya TV | Malayalam News