Drisya TV | Malayalam News

ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 Web Desk    23 Aug 2025

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം. 

ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം തുടങ്ങിയവയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയെ ആകര്‍ഷകമാക്കുന്നത്. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്.

500 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവരുടെ പുതിയ ബോയിങ് വിടി- ബിഎക്‌സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓണ സദ്യ കൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം പ്രീ ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗോര്‍മേര്‍ മെനുവിലുണ്ട്.

  • Share This Article
Drisya TV | Malayalam News