കാറിൽ ഒരുപാട് ദൂരമിരുന്ന് യാത്ര ചെയ്യുന്നത് എല്ലാവർക്കും അത്ര എളുപ്പമല്ല. ബസിലാണെങ്കിൽ സ്വകാര്യത ഒരു പ്രശ്‌നവുമാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായാണ് ഊബർ രംഗത്തുവന്നിരിക്കുന്നത്.
സ്വന്തമായി ഒരു ഡ്രൈവർ, കൂടെ യാത്രക്കിടെ സഹായങ്ങൾക്കായി ഒരാൾ, ടിവിയും മിനി ഫ്രിഡ്‌ജുമടക്കം ആഢംബരമായൊരു യാത്രാനുഭവം. അതാണ് ഊബർ പുതുതായി പ്രഖ്യാപിച്ച ഇന്റർസിറ്റി മോട്ടോർഹോംസ്. ഇതിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ഡൽഹി എൻസിആറിലാണ് ഈ സേവനം ലഭ്യമാവുക. 2025 ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ആറുവരെയുള്ള ദിവസങ്ങളിലേക്കാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
യാത്രയുടെ മൂന്നു മുതൽ 25 ദിവസം മുമ്പ് വരെയാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഉപഭോക്താക്കൾക്ക് ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാം. ചെറിയ സംഘങ്ങൾക്ക് സുഖപ്രദവും ആവശ്യങ്ങൾക്കനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കുന്നതുമായ രീതിയിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ഊബറിന്റെ പദ്ധതി. ഔട്ട്സ്റ്റേഷൻ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.