ചവറയിലെ കുടുംബക്കോടതിയിൽ കേസിന് എത്തിയ വനിതയോട് ചേംബറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നു ജഡ്ജിക്കു സ്ഥലം മാറ്റം. ജഡ്ജി അവധിയിൽ പ്രവേശിച്ചു. കേസിന്റെ ആവശ്യത്തിനു കുടുംബ കോടതിയിലെത്തിയപ്പോഴാണു സംഭവം. ചേംബർ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണു യുവതി ജില്ലാ ജഡ്ജിക്കു പരാതി നൽകിയത്.
യുവതിയുടെ വക്കാലത്തെടുത്ത കൊല്ലത്തെ അഭിഭാഷക വഴി ബാർ അസോസിയേഷൻ ഭാരവാഹികളെയും ബന്ധപ്പെട്ടിരുന്നു. പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയച്ചു. തുടർന്നാണു കഴിഞ്ഞ രാത്രി ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണത്തിനു ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു.