ലോകത്ത് പുതിയൊരു ആഡംബര അവധിക്കാല ട്രെൻഡ് ശ്രദ്ധ നേടുന്നു. നഗ്നരായി യാത്ര ചെയ്യാം എന്നതാണ് ഈ അവധിക്കാല കപ്പല്‍യാത്രയുടെ പ്രത്യേകത. വസ്ത്രങ്ങളില്ലാതെ കപ്പലിൽ യാത്ര ചെയ്യാനുള്ള ചെലവ് 43 ലക്ഷം രൂപ വരെയാണ്.യുഎസ് ആസ്ഥാനമായുള്ള 'ബെയർ നെസസിറ്റീസ്' എന്ന കമ്പനിയാണ് ഈ കപ്പൽ യാത്രകൾ സംഘടിപ്പിക്കുന്നത്. ശരീരത്തിന്റെ സൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിലാണ് ഈ യാത്രകൾ നടത്തുന്നത്. എന്നാൽ, കപ്പലിൽ മാന്യതയും അന്തസ്സും നിലനിർത്താൻ കർശനമായ നിയമങ്ങൾ പാലിക്കണമെന്ന് മാത്രം.
'ദി സീനിക് എക്ലിപ്സ്' എന്ന് പേരിട്ടിരിക്കുന്ന ബെയര്‍ നെസസിറ്റീസി്നറെ വിനോദയാത്ര 2025 ഒക്ടോബർ 26 മുതൽ നവംബർ 9 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കപ്പൽ യാത്രയുടെ ടിക്കറ്റ് നിരക്ക് 43 ലക്ഷം രൂപ വരെ ഉയരും. ടിക്കറ്റുകള്‍ വേഗത്തിൽ വിറ്റഴിയുന്നതായി റിപ്പോർട്ടുണ്ട്. വസ്ത്രങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിതരാകുമ്പോൾ യാത്രക്കാർക്ക് 'കൂടുതൽ ആശ്വാസവും ആത്മവിശ്വാസവും' അനുഭവിക്കാനാകുമെന്ന് കമ്പനി പറയുന്നു.
വസ്ത്രങ്ങളില്ലാതെയാണ് യാത്രയെങ്കിലും, കപ്പലിൽ എല്ലായിടത്തും നഗ്നരായിരിക്കാൻ അനുവാദമില്ല. ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും, ക്യാപ്റ്റന്റെ സ്വീകരണ മുറിയിലും, കലാപരിപാടികൾ നടക്കുന്നിടത്തും ഡ്രസ് കോഡ് നിർബന്ധമാണ്. കപ്പൽ ഏതെങ്കിലും തുറമുഖത്ത് അടുക്കുമ്പോഴും വസ്ത്രം ധരിക്കണം. ഭക്ഷണ സമയത്ത് ബാത്ത്റോബുകളോ, അടിവസ്ത്രങ്ങളോ, ഫെറ്റിഷ് വസ്ത്രങ്ങളോ ധരിക്കുന്നത് അനുവദനീയമല്ല. അതേസമയം, സ്വയം വിളമ്പുന്ന ബഫെ ഏരിയകളിൽ മാത്രം വസ്ത്രം ധരിക്കുന്നതിൽ ചെറിയ ഇളവുകളുണ്ട്.
ഈ ക്രൂസുകൾ ലൈംഗിക പ്രവർത്തനങ്ങൾക്കോ മറ്റ് സമാനമായ ശൈലികൾക്കോ വേണ്ടിയുള്ളതല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. പൂളുകളും, ഡാൻസ് ഹാളുകളും പോലുള്ള സ്വകാര്യ ഇടങ്ങളിൽ ഫോട്ടോ എടുക്കാൻ അനുവാദമില്ല. മോശമായ പെരുമാറ്റമോ മറ്റെന്തെങ്കിലും അനുചിതമായ സ്പർശനമോ ഉണ്ടായാൽ യാത്രക്കാരെ അടുത്ത തുറമുഖത്ത് ഇറക്കിവിടും. അത്തരം സാഹചര്യങ്ങളിൽ പണം തിരികെ നൽകുകയുമില്ല.
2025 ഫെബ്രുവരിയിൽ സമാനമായ രീതിയില്‍ നടന്ന കപ്പൽ യാത്ര 11 ദിവസമാണ് നീണ്ടുനിന്നത്. 968 അടി നീളമുള്ള കപ്പലില്‍ അന്ന് ആയിരക്കണക്കിന് യാത്രക്കാർ പങ്കെടുത്തിരുന്നു. ഏറ്റവും മികച്ച യാത്രയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞത്.