അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം യാഥാർഥ്യമാകുന്നു. പണി പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കും. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്. സംസ്‌ഥാനത്ത് ഒരു നദിക്കു കുറുകെ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം.
തുരുത്തിൽ ഒറ്റപ്പെട്ടുപോയ 11 ആദിവാസി ഉന്നതികൾക്കും പുറംലോകത്ത് എത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. പാലം നിർമാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും നിർമാണം തുടങ്ങിയിരുന്നില്ല. കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പ്‌പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി 11 ആദിവാസി ഉന്നതികളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർഥ്യമാകുന്നതോടെ സഫലമാകുന്നത്.