രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന മുൻ ഉത്തരവ് മയപ്പെടുത്തി സുപ്രീം കോടതി. നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പു നൽകുകയും വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്തശേഷം പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടണമെന്നു ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ച് വിധിച്ചു. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ അക്രമാസക്തി കാട്ടുന്നവയോ ആയ നായ്ക്കളെ മാത്രമേ ഷെൽട്ടറിലേക്ക് മാറ്റേണ്ടതുള്ളൂ.
പൊതുസ്ഥലത്ത് ജനങ്ങൾ തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക ഫീഡിങ് കേന്ദ്രങ്ങൾ ഒരുക്കണം. കുത്തിവയ്പ്പിനായി നായ്ക്കളെ പിടികൂടുമ്പോൾ പൊതുജനങ്ങളോ സംഘടനകളോ തടയാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
തെരുവുനായ വിഷയം ഡൽഹിക്ക് പുറത്തും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ദേശീയതലത്തിൽ ഇതിനായി നയം കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. തെരുവുനായ വിഷയത്തിൽ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.