വോൾവോയുടെ മൾട്ടി ആക്സിൽ മോഡലായ 9600 ആണ് സീറ്റർ മോഡലാണ് കെഎസ്ആർടിസിക്കായി എത്തിയിരിക്കുന്നത്. ആത്യാഡംബര ബസുകളുടെ ശ്രേണിയിൽ ഒരുങ്ങുന്ന ഈ ബസിന് 1.30 കോടി രൂപ മുതൽ രണ്ട് കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
കെഎസ്ആർടിസി റീബ്രാൻഡിങ്ങിന്റെ ഭാഗമായി പുതിയ സീറ്റർ, സ്ലീപ്പർ ബസുകൾക്ക് നൽകിയിരുന്ന കളർ തീമിൽ തന്നെയാണ് വോൾവോയും ഒരുങ്ങിയിരിക്കുന്നത്. ത്രിവർണ പതാകയിലെ നിറങ്ങളാണ് ഈ ബസുകളിൽ നൽകിയിരിക്കുന്നത്. സ്ലീപ്പർ സംവിധാനത്തിലും വോൾവോയുടെ ഈ ബസ് വിപണിയിൽ എത്തുന്നുണ്ടെങ്കിലും സീറ്റർ മോഡലാണ് കെഎസ്ആർടിസിക്കായി എത്തിച്ചിരിക്കുന്നത്.
12.2 മീറ്റർ, 13.5 മീറ്റർ, 15 മീറ്റർ എന്നീ മൂന്ന് അളവുകളിൽ വോൾവോ 9600 മോഡൽ എത്തുന്നുണ്ടെങ്കിലും 15 മീറ്റർ മോഡലാണ് കെഎസ്ആർടിസിക്കായി എത്തിയിരിക്കുന്നത്. ഈ ബസിന്റെ സീറ്റർ മോഡലിന് 3800 എംഎം ഉയരവും സ്ലീപ്പർ പതിപ്പിന് 4000 എംഎം ഉയരുവുമാണുള്ളത്. 2600 എംഎം വീതിയും 8340 എംഎം വീൽബേസിലുമാണ് ഈ ബസ് നിർമിച്ചിരിക്കുന്നത്. 15 മീറ്റർ നീളമുള്ള ബസിൽ 55 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. 2+2 ലേഔട്ടിലാണ് സീറ്റിങ്.
ഡിബികെ 6350, കോമൺ റെയിൽ ഡയറക്ട് ഇഞ്ചക്ഷൻ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 346 എച്ച്പി പവറും 1200 മുതൽ 1600 വരെ ആർപിഎമ്മിൽ 1350 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ. 12 ഫോർവേഡും നാല് റിവേഴ്സ് ഷിഫ്റ്റും വരുന്ന ഐ-ഷിഫ്റ്റ് ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 540 ലിറ്ററാണ് ഡീസൽ ടാങ്ക് കപ്പാസിറ്റി. 50 ലിറ്ററാണ് ആഡ് ടാങ്ക്.
കെഎസ്ആർടിസിക്കായി 143 പുതിയ ബസുകളാണ് വാങ്ങിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെയുള്ള സർവീസുകൾക്കായാണ് ഇവ എത്തുന്നത്. ടാറ്റ, അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നീ വാഹന നിർമാതാക്കളുടെ ബസുകൾക്കൊപ്പമാണ് അന്തർ സംസ്ഥാന പാതകളിൽ സർവീസ് നടത്തുന്നതിനായി വോൾവോയുടെ ആഡംബര ബസ് കൂടി വാങ്ങിയിരിക്കുന്നത്.