പതിനാറാം നൂറ്റാണ്ടിൽ സൃഷ്ടിച്ച മെർക്കേറ്റർ ലോകഭൂപടം അന്താരാഷ്ട്ര സംഘടനകളും സർക്കാരുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ആഫ്രിക്കയുടെ വലുപ്പം കൃത്യമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഉപയോഗിക്കാനുമുള്ള പ്രചാരണത്തിനാണ് ആഫ്രിക്കൻ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചത്.ഇത് വെറുമൊരു ഭൂപടം മാത്രമാണെന്ന് തോന്നാം, പക്ഷേ, വാസ്‌തവത്തിൽ അങ്ങനെയല്ലെന്നാണ് ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ഡെപ്യൂട്ടി ചെയർപേഴ്സൺ സെൽമ മാലിക ഹദ്ദാഡി (Selma Malika Haddadi) വിശദീകരിച്ചത്. ഭൂവിസ്തൃതിയിൽ രണ്ടാമത്തെ വലിയ ഭൂഖണ്ഡവും 150 കോടിയിലധികം ജനങ്ങളും ഉണ്ടെങ്കിലും ആഫ്രിക്ക ചെറുതാണെന്ന തെറ്റായ ധാരണ നിലവിലെ ഭൂപടം വളർത്തിയെടുത്തതായി സെൽമ പറഞ്ഞു. അത്തരത്തിലുള്ള ഭൂപടം സ്റ്റീരിയോടൈപ്പ് മാധ്യമങ്ങളെയും വിദ്യാഭ്യാസത്തെയും നയത്തെയും സ്വാധീനിക്കുന്നുവെന്നാണ് ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ഡെപ്യൂട്ടി ചെയർപേഴ്സൺ ചൂണ്ടിക്കാണിച്ചത്.
മെർക്കേറ്ററിന്റെ ലോകഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ വലുപ്പത്തെ വളച്ചൊടിക്കുകയും വടക്കേ അമേരിക്ക, ഗ്രീൻലാൻഡ്, അമേരിക്ക, റഷ്യ തുടങ്ങി ധ്രുവങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ വലുതാക്കി കാണിക്കുകയും ആഫ്രിക്കയെയും തെക്കേ അമേരിക്കയെയും ചെറുതാക്കി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നത് മുമ്പും പലരും ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്. ആഫ്രിക്ക നോ ഫിൽട്ടർ, സ്‌പീക്ക് അപ്പ് ആഫ്രിക്ക തുടങ്ങിയ ഗ്രൂപ്പുകൾ 'കറക്റ്റ് ദി മാപ്പ്' ക്യാമ്പയിനുകളും നടത്തുന്നുണ്ട്. രാജ്യങ്ങളുടെ യഥാർഥ വലുപ്പങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന 2018-ലെ ഈക്വൽ എർത്ത് പ്രൊജക്ഷൻ (Equal earth projection) സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.