Drisya TV | Malayalam News

ടെസ്ലയുടെ ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു 

 Web Desk    21 Aug 2025

ടെസ്ലയുടെ ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപിടിച്ച് ആറ് കാറുകൾ പൂർണമായി കത്തിനശിച്ചു. ശനിയാഴ്ച വൈകുന്നേരം 5.30-ഓടെയായിരുന്നു സംഭവം. സിൽമറിലെ ഗോൾഡൻ സ്റ്റേറ്റ് (5) ഫ്രീവേയിലാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ട്രക്കിൽ ഉണ്ടായിരുന്ന എട്ടുകാറുകളിൽ ആറെണ്ണവും പൂർണമായും കത്തിനശിച്ചതായി എൻബിസി റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള രണ്ട് കാറുകൾ ട്രെയിലറിൽ നിന്ന് മാറ്റിയതായാണ് വിവരം. തീപ്പിടിത്ത വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും കാറുകളിലേറെയും കത്തിനശിച്ചതായി ലോസ് ആഞ്ചലീസ് അഗ്നിരക്ഷാവിഭാഗം പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

തീപ്പിടിത്തത്തിന് കാരണമെന്താണ് എന്ന കാര്യം വ്യക്തമല്ല. ഇലക്ട്രിക് കാറുകളുടെ ബാറ്ററികൾക്ക് തീപ്പിടിച്ചതുകാരണം അണയ്ക്കാൻ ഏറെ പ്രയാസപ്പെട്ടതായി അഗ്നിരക്ഷാസേന അറിയിച്ചു. രാത്രി 9.30 ഓടെയാണ് തീ അണയ്ക്കാനായത്.ലിഥിയം അയൺ ബാറ്ററികൾ ഘടിപ്പിച്ച കാറുകളായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. കാർ കത്തിയമർന്നതോടെ പ്രദേശത്താകെ വിഷാംശമടങ്ങിയ പുകപടലങ്ങളുയർന്നു. ഇതേത്തുടർന്ന് പാതകൾ അടച്ചതായി എബിസി 7 റിപ്പോർട്ട് ചെയ്തു.

  • Share This Article
Drisya TV | Malayalam News