ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് അമിത നികുതി ചുമത്തുന്നതിനിടെ ഇന്ത്യയെ തങ്ങളുടെ വിപണിയിലേക്ക് ക്ഷണിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റൊമൻ ബബുഷ്കിനാണ് ഇന്ത്യയെ റഷ്യൻ വിപണിയിലേക്ക് ക്ഷണിച്ചത്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമിതമായി നികുതി ചുമത്തുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് വിപണിയിൽ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിൽ, റഷ്യൻ വിപണിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു- ബബുഷ്കിൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ യു.എസ് നികുതികൾ നീതികരിക്കാനാകാത്തതാണ്. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യാ- റഷ്യ ഊർജ്ജ സഹകരണം തുടർന്നും മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിനിറഞ്ഞ സമയമാണ്. പക്ഷെ ഞങ്ങൾക്ക് പരസ്പരമുള്ള ബന്ധത്തിൽ വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു സുഹൃത്തായാണ് കാണുന്നതെങ്കിൽ യു.എസ് ഒരിക്കലും ഇതുപോലെ പെരുമാറില്ലെന്നും ബബുഷ്കിൻ പറഞ്ഞു.