Drisya TV | Malayalam News

സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്കിനി നക്ഷത്ര പദവി

 Web Desk    21 Aug 2025

പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾക്കുള്ള താൽപര്യപത്രം ക്ഷണിച്ച് കേരള കള്ള് വ്യവസായ വികസന ബോര്‍ഡ്. 74 വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കള്ളുഷാപ്പുകള്‍ക്ക് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവി നൽകുക.

സര്‍ക്കാറിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വന്തമായി സ്ഥലമുള്ളതോ, സ്ഥലം പാട്ടത്തിനെടുത്തതോ ആയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം. 20 ഇരിപ്പിടങ്ങളും 400 ചതുരശ്ര വിസ്തീർണവുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. ഷാപ്പും റസ്റ്റാറൻറും വെവ്വേറെയാകും പ്രവർത്തിക്കുക. പ്രത്യേക കവാടം ഉള്‍പ്പെടെ നിശ്ചിത സ്ഥലം കള്ള് വിൽപനക്കായി മാറ്റിവെക്കണം. 

ശുചിമുറിയും കുട്ടികള്‍ക്ക് പാർക്കുമുണ്ടാകണം. അബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളുണ്ടാകണം. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ കള്ള് നല്‍കൂ. കള്ള് ചെത്താനുള്ള പരിശീലനം, തൊഴിലാളി പരിശീലനം എന്നിവ ബോർഡ് നൽകും. മാസങ്ങൾക്ക് മുമ്പ് തന്നെ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാനുള്ള മാതൃക പൂർത്തിയായിരുന്നു. കള്ള് കുപ്പികളിലാക്കി വിൽപന നടത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News