ഓടുന്ന റോബോട്ട്, ചാടുന്ന റോബോട്ട്, നൃത്തംചെയ്യുന്ന റോബോട്ട്, പന്തുകളിക്കുന്ന റോബോട്ട്, എന്തിന് ആത്മഹത്യചെയ്യുന്ന റോബോട്ടിനെവരെ നാം ഇതിനകം കണ്ടുകഴിഞ്ഞു. എന്നാൽ, കൈവ ടെക്നോളജി പുതുതായി പ്രഖ്യാപിച്ച റോബോട്ട് ഇതിനെയൊക്കെ മറികടന്ന് റോബോട്ടിക് ലോകത്തും ആരോഗ്യരംഗത്തും വലിയ ചർച്ചകൾക്ക് കാരണമായിരിക്കയാണ്. ഗർഭിണിയാകാൻ കഴിവുള്ള റോബോട്ടിനെ 2026-ൽ പുറത്തിറക്കുമെന്നാണ് കൈവ ടെക്നോളജിയുടെ സ്ഥാപകൻ ഡോ. ഷാങ് ക്യുഫെങ് ബെയ്ജിങ്ങിൽ നടക്കുന്ന ലോക റോബോട്ട് കോൺഫറൻസിൽ പ്രഖ്യാപിച്ചത്.
വാടകഗർഭപാത്രത്തിന്റെ അർഥംതന്നെ മാറ്റുന്ന സാങ്കേതികവിദ്യയാകുമത്രേ ഈ റോബോട്ടുകൾ. യഥാർഥ ഗർഭധാരണത്തെ അനുകരിക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് റോബോട്ട് ഗർഭം ധരിക്കുക. അമ്നിയോട്ടിക് ദ്രവമടക്കമുള്ള ഈ ഗർഭപാത്രത്തിൽ ഭ്രൂണം പൂർണവളർച്ച കൈവരിക്കും. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങൾ പ്രത്യേക സംവിധാനംവഴി ഗർഭാശയത്തിലെത്തും. ഓക്സിജൻ ലഭ്യതമുതൽ താപനില നിയന്ത്രണംവരെ ഭ്രൂണത്തിനാവശ്യമായതെല്ലാം നൽകാൻ കഴിയുന്ന കൃത്രിമ ഗർഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ. ഷാങ് പറയുന്നു.റോബോട്ടിന് പ്രസവിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ വാദം. ഇതെങ്ങനെ സാധിക്കുമെന്ന ചർച്ചകളും ഇതിനകം തുടങ്ങി. 1,00,000 യുവാൻ(ഏകദേശം 12 ലക്ഷം) ആയിരിക്കും റോബോട്ടിന്റെ വില.