ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാനാവുന്ന ഫീച്ചർ ആണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചർ ഉപയോഗിക്കാനാവും.സാധാരണ വീഡിയോ കോൺഫറൻസ് സേവനങ്ങളിൽ സമാനമായ ഫീച്ചർ ലഭ്യമാണ്. മീറ്റിങുകൾ മുൻകൂർ ഷെഡ്യൂൾ ചെയ്യാനും നിശ്ചിത സമയത്ത് അംഗങ്ങൾക്ക് കോൺഫറൻസിൽ പങ്കെടുക്കാനും ഇതുവഴി സാധിക്കും. ഇതേരീതി ഇനി വാട്സാപ്പിലും പ്രയോജനപ്പെടുത്താം. നിശ്ചിത സമയത്ത് ഗ്രൂപ്പ് കോൾ ഷെഡ്യൂൾ ചെയ്ത് വെക്കാം. അംഗങ്ങൾക്കെല്ലാം ഈ സമയം വീഡിയോ കോളിന്റേയോ വോയ്സ് കോളിന്റേയോ ഭാഗമാവാം. ഇതുവഴി മുൻനിര വീഡിയോ കോൺഫറൻസിങ് സേവനമായ ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം പോലുള്ള സേവനങ്ങളോട് മത്സരിക്കാൻ വാട്സാപ്പിന് സാധിക്കും.
ഷെഡ്യൂൾഡ് ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്തിയ ഉപഭോക്താക്കൾക്കെല്ലാം ഫോൺ കോൾ ആരംഭിക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഘട്ടം ഘട്ടമായി ഇത് ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു. വളരെ കാലമായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഫീച്ചർ ആണിതെന്ന് കമ്പനി പറയുന്നു.
ഇത് കൂടാതെ വാട്സാപ്പ് കോളിനിടെ തനിക്ക് സംസാരിക്കാനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് 'ഹാൻഡ് റെയ്സ്' ചെയ്യാനും റിയാക്ഷനുകൾ പങ്കുവെക്കാനും ഉപഭോക്താവിന് സാധിക്കും. ഫോൺ കോളുകൾ എളുപ്പം കൈകാര്യം ചെയ്യാനാകും വിധം യൂസർ ഇന്റർഫെയ്സിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. ഉദാഹരണത്തിന് കോൾസ് ടാബിൽ ഷെഡ്യൂൾ ചെയ്തുവെച്ച ഫോൺ കോളുകൾ കാണാനാവും. അത് ഗ്രൂപ്പ് കോൾ ആണെങ്കിൽ അതിൽ ആരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും അറിയാം.