ആന്ധ്രപ്രദേശിൽ വനിതകൾക്ക് ഇനി മുതൽ സൗജന്യ ബസ് യാത്ര. സംസ്ഥാനവ്യാപകമായി വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന 'സ്ത്രീ ശക്തി' പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഐടി മന്ത്രി നരാ ലോകേഷ് എന്നിവർ സ്ത്രീകൾക്കൊപ്പം ഉദ്ഘാടനയാത്രയിൽ പങ്കെടുത്തു. പെൺകുട്ടികൾക്ക സ്ത്രീകൾക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും ഇനി സൗജന്യമായി യാത്ര ചെയ്യാം.
ആന്ധ്രപ്രദേശ് സംസ്‌ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നൽകുക. റീഇംബേഴ്സസ്മെന്റിനായി APSRTC ഈ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിക്കും. ആന്ധ്രപ്രദേശിൽ താമസിക്കുന്നവർക്കു മാത്രമേ സൗജന്യ യാത്ര ലഭ്യമാകൂ. തിരിച്ചറിയൽ രേഖകൾ ബസ് കണ്ടക്‌ടറെ കാണിക്കുകയും വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1,942 കോടി രൂപ ഈ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.