ഇനി വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്കു ലൈസൻസ് നൽകാം. വീടിന്റെ 50% വരെ സ്‌ഥാപനങ്ങൾ തുടങ്ങാൻ നീക്കിവയ്ക്കാം. ഇത് ഉൾപ്പെടെ പുതുതലമുറയിലെയും നിയമവിധേയമായതുമായ ഏതു സംരംഭത്തിനും ലൈസൻസ് നൽകുന്ന തരത്തിൽ 1996ലെ കേരള പഞ്ചായത്തിരാജ് (ഫാക്‌ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ ഉടൻ വിജ്‌ഞാപനം പുറത്തിറക്കും.
വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും മറ്റു വാണിജ്യ സേവനങ്ങൾക്കും നിലവിൽ ലൈസൻസ് അനുവദിക്കുന്നില്ല. ചട്ടങ്ങൾ മാറുന്നതോടെ ബാങ്ക് വായ്പ, ജിഎസ്ടി റജിസ്ട്രേഷൻ, വിവിധ ഗ്രാന്റുകൾ എന്നിവ കിട്ടുന്നതിലുൾപ്പെടെയുള്ള തടസ്സത്തിനു പരിഹാരമാകും.