സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ബി.സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗൺസിലിന് കീഴിൽ ഹൈദരാബാദിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തിൽ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.
1990-ൽ 6 മാസക്കാലം കേന്ദ്രസർക്കാരിൻ്റെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസലായും പ്രവർത്തിച്ചു. ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡൈ‌്വസറും സ്റ്റാൻഡിംഗ് കോൺസലുമായിരുന്നു. 1995-ൽആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി നിയമിതനായി. 2005-ൽ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ൽ സുപ്രീം കോടതിയിൽ ജഡ്‌ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.