താമരശേരി ചുരം ഒഴിവാക്കി പുതിയ ഇരട്ട തുരങ്ക പാത വരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലേക്ക് എത്തുന്ന രീതിയിലാണ് ഭൂമി തുരന്നുള്ള പാത. പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ആഗസ്റ്റ് 31ന് വൈകീട്ട് ആനക്കാംപൊയില്‍ സ്‌കൂളിലെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പാതയുടെ നിര്‍മാണം പൂര്‍ത്തിയാകും.
പാതയുടെ നിര്‍മാണം സൂഗമമായി പൂര്‍ത്തിയായാല്‍ നേട്ടങ്ങള്‍ അനവധിയാണ്. എന്നാല്‍ പരിസ്ഥിതി ദുര്‍ബല മേഖലയായ പശ്ചിമഘട്ട കുന്നുകള്‍ക്കും മരങ്ങള്‍ക്കുമിടയിലൂടെയാണ് പാത എന്നത് ആശങ്കയും ഇരട്ടിയാക്കുന്നു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈക്ക് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് കോഴിക്കോട് നിന്ന് പാത കയറി ചെല്ലുന്ന ഇടം.
2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പൊതുമാരമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വെ എന്നിവയുടെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞാല്‍ പദ്ധതി നടത്തിപ്പിലേക്ക് കടക്കും.
ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലേക്ക് നിലവില്‍ 42 കിലോമീറ്ററാണ്. തുരങ്കപാത വരുന്നതോടെ ഇത് 20 കിലോമീറ്ററായി ചുരുങ്ങും. താമരശേരി ചുരം കയറാതെ കോഴിക്കോട് നിന്ന് വയനാട്ടിലെത്താം. കൊച്ചി-ബെംഗളൂരു ദൂരം കുറയുകയും ചെയ്യും.