ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കർശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.ഒന്നുകിൽ ഏഴുദിവസത്തിനകം തെളിവുകൾ ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. മൂന്നാമതൊരു വഴിയില്ല. ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരാമർശങ്ങൾ ഭരണഘടനയെ അപമാനിക്കുംവിധത്തിലുള്ളതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആരോപിച്ചു. വോട്ട് ചോരി (വോട്ട് മോഷണം) എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ജനാധിപത്യ സംവിധാനങ്ങളെ ദുർബലമാക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി വോട്ടർമാരെ ലക്ഷ്യമിടാൻ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു വേദിയായി ഉപയോഗിക്കുന്നുവെന്നും ഗ്യാനേഷ് കുമാർ ആരോപിച്ചു.