Drisya TV | Malayalam News

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി നിർമാണം പൂർത്തിയായി,പരീക്ഷണ ഓട്ടം ഉടൻ 

 Web Desk    17 Aug 2025

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്)യിൽ നിർമാണം പൂർത്തിയായി. നോർതേൺ റെയിൽവേക്കു കൈമാറിയശേഷം ഹരിയാണയിലെ സോനിപത്-ജിന്ദ് പാതയിൽ ഇതിന്റെ പരീക്ഷണ ഓട്ടം ഉടനുണ്ടാവും.

ഹൈഡ്രജൻ തീവണ്ടിയുടെ ഭാരം കയറ്റിയുള്ള പരീക്ഷണം പൂർത്തിയായതായി ഐസിഎഫ് ജനറൽ മാനേജർ യു. സുബ്ബറാവു അറിയിച്ചു. ഇതിന്റെ എൻജിൻ ജൂലായിൽ ഐസിഎഫിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 118 കോടി രൂപ ചെലവിൽ നിർമിച്ച വണ്ടിയുടെ മുന്നിലും പിറകിലും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ എട്ട് കോച്ചുകളുമാണുണ്ടാകുക. മൊത്തം 2,600 പേർക്ക് യാത്ര ചെയ്യാം. നിരീക്ഷണക്യാമറകളും സ്വയം പ്രവർത്തിക്കുന്ന വാതിലുകളുമുണ്ടാകും.

ടാങ്കിൽ സംഭരിച്ച ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഓക്സിജനുമായി ഫ്യുവൽ സെൽ ഉപയോഗിച്ച് സംയോജിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് എൻജിനെ ചലിപ്പിക്കുക. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോൾ ഉണ്ടാവുന്ന വെള്ളംമാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് മലിനീകരണം ഒട്ടുമുണ്ടാവില്ല. 1200 കുതിരശക്തിയുള്ള എൻജിനുകളാണ് ഹൈഡ്രജൻ തീവണ്ടിക്കുള്ളത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

ലോകത്ത് നാലുരാജ്യങ്ങൾമാത്രമാണ് ഹൈഡ്രജൻ തീവണ്ടി നിർമിക്കുന്നതെന്നും അവയുടെ എൻജിന് 500 മുതൽ 600 വരെ കുതിരശക്തിയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നോർതേൺ റെയിൽവേയിലെ സോനിപത്- ജിന്ദ് പാതയിലാവും ആദ്യ വണ്ടി സർവീസ് നടത്തുക.

  • Share This Article
Drisya TV | Malayalam News