Drisya TV | Malayalam News

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒൻപത് ഡാമുകളില്‍ റെഡ് അലർട്ട്

 Web Desk    17 Aug 2025

അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ ഒൻപത് ഡാമുകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.പത്തനംതിട്ടയിലെ കക്കി, മൂഴിയാർ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂരിലെ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട്ടിലെ ബാണാസുരസാഗർ എന്നീ ഡാമുകൾക്കാണ് മുന്നറിയിപ്പ്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്ത് വിടുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്വപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്.

  • Share This Article
Drisya TV | Malayalam News