Drisya TV | Malayalam News

കോച്ചിൽ തണുപ്പ് വളരെ കുറവെന്ന പരാതിയുമായി യാത്രക്കാർ,പരിശോധനയിൽ കിട്ടിയത് എസി ഡക്ടിൽ ഒളിപ്പിച്ച നൂറുകണക്കിന് വിസ്‌കി കുപ്പികൾ 

 Web Desk    16 Aug 2025

ലഖ്നൗ - ബറൗണി എക്‌‌സ്‌‌പ്രസിലെ എസി 2 ടയർ കോച്ചിൽ തണുപ്പ് വളരെ കുറവാണെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് ടെക്നിക്കൽ ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അധികൃതർക്ക് കാണേണ്ടിവന്നത്.എസി ഡക്ടിൽ ഒളിപ്പിച്ച നിലയിൽ നൂറുകണക്കിന് വിസ്‌കി കുപ്പികളാണ് കണ്ടെത്തിയത്. 32, 34 ബെർത്തുകൾക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ച റെയിൽവേ ടെക്നീഷ്യൻമാരാണ് കുപ്പികൾ കണ്ടത്. പത്രത്തിൽ പൊതിഞ്ഞ രീതിയിലായിരുന്നു കുപ്പികൾ വച്ചിരുന്നത്.

ഇത് വായുസഞ്ചാരത്തെ തടസപ്പെടുത്തുന്നതായി കണ്ടെത്തി. ട്രെയിനിൽ മദ്യം കൊണ്ടുപോകുന്നത് കുറ്റകരമാണ്. കണ്ടെത്തിയ മദ്യം കണ്ടുകെട്ടി. കൂടാതെ കൂടുതൽ മദ്യക്കുപ്പികൾ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ കോച്ചിൽ വിശദമായി പരിശോധന നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ച മദ്യക്കുപ്പികൾ അധികൃതർ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ സോൻപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) എക്സിലൂടെ ഖേദം പ്രകടിപ്പിച്ചു. 'യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അനധികൃത മദ്യം പിടിച്ചെടുത്തു, ഇതോടെ തണുപ്പ് കിട്ടുന്നില്ലെന്ന പ്രശ്നം മാറി. വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി'- എന്നും അദ്ദേഹം വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News