മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലദേശി തടവുകാരി രക്ഷപ്പെട്ടു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയതിനു ഓഗസ്റ്റ് 7 ന് അറസ്റ്റു ചെയ്ത 25 കാരിയാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ റുബീന ഇർഷാദ് ഷെയ്ക്കിനെ അന്വേഷിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക തിരച്ചിലാണ് നടക്കുന്നത്.
റുബീനയ്‌ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ബൈക്കുള വനിതാ ജയിലിലേക്കാണ് മാറ്റിയത്. പനി, ജലദോഷം, ചർമത്തിൽ അണുബാധ എന്നീ അസുഖങ്ങൾ റുബീനയ്ക്കുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇതിനു പുറമെ അഞ്ചു മാസം ഗർഭിണിയുമായിരുന്നു. ഇതുസംബന്ധിച്ച വൈദ്യ പരിശോധനയ്ക്കായി ഓഗസ്റ്റ് 11 നാണ് റുബീനയെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെ തിരക്ക് മുതലെടുത്തായിരുന്നു കഴിഞ്ഞദിവസം റുബീന രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി റുബീന ഓടി രക്ഷപ്പെടുകയായിരുന്നു.