Drisya TV | Malayalam News

ഉപഭോക്താക്കളുടെ വയസ് നിർണയിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കാനൊരുങ്ങി യുട്യൂബ്

 Web Desk    15 Aug 2025

ലോകത്തെ എന്തുകാര്യവും കാണാനും അറിയാനും യുട്യൂബിൽ തിരഞ്ഞാൽ മാത്രം മതിയാവും. യുട്യൂബ് കണ്ടന്റുകളിലൂടെ കോടികൾ വരുമാനമുണ്ടാക്കുന്നവരും ഏറെയാണ്. യുട്യൂബിൽ എന്തുകാര്യവും അറിയാൻ പറ്റുമെന്നതിനാൽ ഇത് പലപ്പോഴും ഉപഭോക്താക്കളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. കുട്ടികളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും യുട്യൂബ് വീഡിയോകൾക്ക് ആഴത്തിൽ സ്വാധീനിക്കാൻ സാധിക്കും. അതിനാൽതന്നെ ഉപഭോക്താക്കളുടെ വയസ് നിർണയിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് യുട്യൂബ്.

ഒരാൾ കാണുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയായ ആളാണോ അതോ കുട്ടിയാണോയെന്ന് യുട്യൂബ് നിർണയിക്കാനൊരുങ്ങുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടും. ഉപഭോക്താവിന്റെ യുട്യൂബ് ആക്‌ടിവിറ്റി പരിശോധിക്കുകയാണ് പുതിയ ടെസ്റ്റിൽ ചെയ്യുന്നത്. തുടക്കത്തിൽ യുഎസിൽ പരീക്ഷിച്ചതിനുശേഷം വിജയിച്ചാൽ മറ്റ് രാജ്യങ്ങളിലേയ്ക്കും പരീക്ഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പലവിധ സിഗ്നലുകൾ വിശകലനം ചെയ്ത് ഉപഭോക്താവിന്റെ വയസ് നിർണയിക്കാൻ എഐയുടെ സഹായം തേടുമെന്ന് യുട്യൂബിന്റെ പ്രോഡക്‌ട് മാനേജ്‌മെന്റ് മേധാവി ജെയിംസ് ബെസർ വ്യക്തമാക്കി. ഏത് തരം വീഡിയോ ആണ് ഉപഭോക്താവ് തിരയുന്നത്, ഏതൊക്കെ തരത്തിലെ വീഡിയോ കണ്ടു, അക്കൗണ്ട് എത്രനാളായി പ്രവർത്തിക്കുന്നു എന്നിങ്ങനെയുള്ള സിഗ്നലുകളാണ് പരിശോധിക്കുന്നത്. ഇതിലൂടെ ഉപഭോക്താവ് പ്രായപൂർത്തിയായ ആളാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ടിൽ മാറ്റമുണ്ടാവില്ലെന്നും ബെസർ കൂട്ടിച്ചേർത്തു.

അതേസമയം, എഐയുടെ സഹായത്തോടെ നടത്തുന്ന പരിശോധനയിൽ പ്രായപൂ‌ർത്തിയാകാത്തയാളാണെന്ന് കണ്ടെത്തിയാൽ പ്രായത്തിനനുസരിച്ചുള്ള അനുഭവങ്ങളും സംരക്ഷണങ്ങളും (ഏജ്- അപ്രോപ്രിയേറ്റ് എക്‌സ്‌പീരിയൻസസ് ആന്റ് പ്രൊട്ടക്ഷൻസ്) എന്ന ഫീച്ചർ തനിയെ യുട്യൂബ് പ്രവർത്തനക്ഷമമാക്കും. ഇതുകൂടാതെ വ്യക്തിഗത പരസ്യങ്ങൾ അപ്രത്യക്ഷമാവുകയും 'ഡിജിറ്റൽ വെൽബീയിംഗ്' ടൂളുകൾ ആക്ടിവേറ്റ് ആവുകകയും ചെയ്യും. ചില ഉള്ളടക്കങ്ങൾ ആവർത്തിച്ചുകാണുന്നത് പരിമിതപ്പെടുത്താനുള്ള ശുപാർശകൾ ഉൾപ്പെടുത്താനും യുട്യൂബ് നടപടി സ്വീകരിക്കാനിടയുണ്ട്. മുതിർന്ന ഉപഭോക്താക്കൾക്കുള്ള കണ്ടന്റുകൾ കാണാനും പ്രായപൂർത്തിയാകാത്തവർക്ക് സാധിക്കാതെ വരും.

എന്നാൽ പ്രായപൂർത്തിയായ ഉപഭോക്താവിനെ യുട്യൂബ് മറിച്ച് ധരിച്ചാൽ ഇതിനും പരിഹാരമുണ്ട്. ക്രെഡിറ്റ് കാർഡ്, സർക്കാർ ഐഡി എന്നിവ ഉപയോഗിച്ച് വയസ് തെളിയിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും യുട്യൂബ് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ നൽകുന്ന ജനനതീയതി വ്യാജമായി നൽകാൻ സാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കില്ലെന്നും യുട്യൂബ് അറിയിക്കുന്നു. യുകെയിൽ 18 വയസിന് താഴെയുള്ളവർ ധാരാളമായി അശ്ലീല വീഡിയോകൾ തിരയുകയും കാണുകയും ചെയ്യുന്നുണ്ടെന്ന കണ്ടെത്തലുകളാണ് കർശന നടപടികൾ സ്വീകരിക്കാൻ യുട്യൂബിനെ നിർബന്ധിതരാക്കിയത്.

കുട്ടികൾക്കനുസൃതമായ ധാരാളം കണ്ടന്റുകളുള്ള സേവനമാണ് യുട്യൂബ് നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായി യുട്യൂബ് ഉപയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിഇഒ നീൽ മോഹൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായം കുറഞ്ഞ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയാണ് യുട്യൂബ് നൽകുന്നത്. അതിനാലാണ് യുട്യൂബ് കിഡ്‌സ് എന്ന സേവനം ആരംഭിച്ചത്. അതിനാൽ ഇക്കൊല്ലം മുതൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് കൃത്യമായി വയസ് നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News