ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികതീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്. ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ബ്ലൂബർഗ് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അലാസ്കയിൽ നടക്കുന്ന ട്രംപ്-പുതിൻ കൂടിക്കാഴ്ച പ്രതികൂലഫലം ഉളവാക്കുന്നപക്ഷം ഇന്ത്യയ്ക്കുമേൽ അധിക ദ്വിതീയ തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്ന് ബെസ്സന്റ് വ്യക്തമാക്കി. "റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്ക്കുമേൽ ദ്വിതീയ തീരുവ ചുമത്തിയിട്ടുണ്ട്. സംഗതികൾ നല്ലരീതിയിൽ നീങ്ങുന്നില്ലെങ്കിൽ ഉപരോധങ്ങളോ തീരുവ വർധനയോ ഉണ്ടാകും", ബെസ്സന്റ് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് റഷ്യയുടെ പക്കൽനിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ വർധിപ്പിച്ചിരുന്നു. യുക്രൈൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യ പരോക്ഷമായി റഷ്യയ്ക്ക് സാമ്പത്തികസഹായം നൽകിവരുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. നിലവിൽ ഇന്ത്യൻ ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഈ നടപടി ന്യായീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. തീരുവവർധനയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എണ്ണ ഇറക്കുമതി ദേശീയ സുരക്ഷാവിഷയമാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.