Drisya TV | Malayalam News

ഓപ്പൺഎഐയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ യുഎസിനെ മറികടക്കുമെന്ന് സിഇഒ സാം ആൾട്ട്മാൻ

 Web Desk    14 Aug 2025

ഓപ്പൺഎഐയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ ഉടൻ തന്നെ യുഎസിനെ മറികടക്കുമെന്ന് സിഇഒ സാം ആൾട്ട്മാൻ. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ജിപിടി-5 പുറത്തിറക്കുന്ന വേളയിൽ ആയിരുന്നു സാം ആൾട്ട്മാന്റെ ഈ പ്രതികരണം. എഐ മേഖലയിൽ ഇന്ത്യയുടെ വളർന്നുവരുന്ന പങ്കിനെക്കുറിച്ച് സിഇഒ സാം ആൾട്ട്മാൻ ചടങ്ങിൽ വ്യക്തമാക്കി.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് GPT-5 മോഡൽ 12 ഇന്ത്യൻ ഭാഷകൾക്കും പ്രാദേശിക ഉപയോഗത്തിനും മെച്ചപ്പെട്ട പിന്തുണ നൽകുന്നുണ്ടെന്ന് സാം ആൾട്ട്മാൻ അറിയിച്ചു. നിലവിൽ യുഎസ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. വളരെ വേഗത്തിൽ വളരുന്നതിനാൽ ഉടൻ തന്നെ ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപണിയെന്ന നിലയിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത് എന്നും സാം ആൾട്ട്മാൻ സൂചിപ്പിച്ചു.

സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുമെന്നും ഓപ്പൺഎഐ സിഇഒ വ്യക്തമാക്കി. “ഇന്ത്യയിലെ പൗരന്മാർ AI ഉപയോഗിച്ച് എന്താണ് ചെയ്യുന്നത് എന്നത് ശരിക്കും ശ്രദ്ധേയമാണ്. ഈ മേഖലയിൽ ഇന്ത്യൻ വിപണി അവിശ്വസനീയമാംവിധം വേഗത്തിൽ വളരുന്നു. ഇന്ത്യയിലേക്ക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിലാണ് ഞങ്ങൾ ഇപ്പോൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഡിംഗിനും ഏജന്റ് ജോലികൾക്കും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച മോഡൽ ആണ് GPT-5. 12-ലധികം ഇന്ത്യൻ ഭാഷകളിൽ ഈ മോഡൽ ലഭ്യമാകും” എന്നും സാം ആൾട്ട്മാൻ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News