Drisya TV | Malayalam News

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും

 Web Desk    14 Aug 2025

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലു പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനു കാരണമായത്. ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്ഥ തുടരുന്നതും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ഗൻവി മേഖലയിൽ ഒരു പൊലീസ് പോസ്റ്റ് ഒലിച്ചുപോയി. ബസ് സ്റ്റാൻഡും സമീപത്തുണ്ടായിരുന്ന കടകൾക്കും കേടുപാടുകളുണ്ടായി. രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം.

  • Share This Article
Drisya TV | Malayalam News