Drisya TV | Malayalam News

ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നു 

 Web Desk    13 Aug 2025

ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇരുരാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്.

ഇന്ത്യ 2024-2025 സാമ്പത്തിക വർഷം 57 ലക്ഷം ടൺ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 20% കുറവാണ് ഇറക്കുമതിയിൽ ഉണ്ടായത്. ചൈനയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ൽ 18.7 ലക്ഷം ടൺ യൂറിയയാണ് ചൈനയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ, 2024-25 സാമ്പത്തിക വർഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടൺ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്.

ചൈനീസ് പൗരന്മാർക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സർവീസുകൾ വീണ്ടും തുടങ്ങാൻ വ്യോമയാന കമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിർത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാൽവാൻ സംഘർഷവും തുടർന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകർച്ചയും കാരണം ഇതു തുടർന്നു.ഓഗസ്റ്റ് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

  • Share This Article
Drisya TV | Malayalam News