Drisya TV | Malayalam News

എസ്‌സിഒ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന

 Web Desk    9 Aug 2025

എസ്‌സിഒ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് മോദിയെ സ്വാഗതം ചെയ്‌ത്‌ ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഉച്ചക്കോടിയിൽ മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു.ഇന്ത്യക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസിന്റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്.

"ചൈനയിൽ നടക്കുന്ന എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുസ്വാഗതം. ഇത് സൗഹൃദത്തിന്റെ ഒരു ഒത്തുചേരലായിരിക്കും. എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ടിയാൻജിൻ ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറും. ഉയർന്ന നിലവാരമുള്ള വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് എസ്‌സിഒ പ്രവേശിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു." ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് ഗുവോ ജിയാകുൻ പറഞ്ഞു.

ജപ്പാൻ സന്ദർശനത്തിനു പിന്നാലെയായിരിക്കും മോദി ചൈനയിലെത്തുകയെന്നാണ് റിപ്പോർട്ട്. 2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി ചൈന സന്ദർശിച്ചത്. ഏപ്രിലിൽ വുഹാനിൽ പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയിലും തുടർന്ന് ജൂണിൽ ക്വിങ്ദാവോയിൽ നടന്ന എസ്സിഒ ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നു. 2017ലെ ഡോക്ലാം സംഘർഷത്തിനു പിന്നാലെയായിരുന്നു ഈ സന്ദർശനങ്ങൾ. 2024 ഒക്ടോബർ 21ന് നിയന്ത്രണരേഖയിൽ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News