തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ ഇന്ത്യയുമായി യാതൊരു തരത്തിലുള്ള വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യക്കെതിരേ 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
ഇന്ത്യക്കെതിരേ 50 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 60-ലേറെ രാജ്യങ്ങൾക്കുള്ള പകരച്ചുങ്കം വ്യാഴാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ 25 ശതമാനമായിരുന്നു ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം. എന്നാൽ റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും 25 ശതമാനം അധികതീരുവ പ്രഖ്യാപിച്ചിരുന്നു. ഈ 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവിൽ വരും.
തീരുവകൾ ഔദ്യോഗികമായി നടപ്പിലാക്കിയതിൽ ആഹ്ളാദം പങ്കിട്ട് ട്രംപ് രംഗത്തെത്തിയിരുന്നു.തീരുവ നിരക്കുകൾ വർധിപ്പിച്ചതിന്റെ ഫലമായി യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് ഒഴുകിയെത്താൻ പോകുന്നത് കോടിക്കണക്കിന് ഡോളറാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഉയർന്ന താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ആഹ്ളാദ പ്രകടനം. 'അർധരാത്രിയായിരിക്കുന്നു. കോടിക്കണക്കിന് ഡോളറിന്റെ തീരുവയാണ് ഇപ്പോൾ യുഎസിലേക്ക് ഒഴുകുന്നത്' എന്ന സാമൂഹിക മാധ്യമമായ ട്രൂത്തിൽ അദ്ദേഹം കുറിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ മറുപടി നൽകിയിരുന്നു. രാജ്യതാത്പര്യത്തിന് ഇന്ത്യ മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കർഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയു താത്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. അതിനായി എന്തുവില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു.