അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ 'ഇൻ്റലി'ൻ്റെ സിഇഒ ലിപ് ബു ടാൻ ഉടൻ രാജിവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലിപ് ബു ടാനിന് ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. സാമൂഹികമമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇന്റൽ സിഇഒ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതല്ലാതെ ഇക്കാര്യത്തിൽ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം കുറിച്ചു.
ലിപ് ബു ടാനിന്റെ ചൈനീസ് ബന്ധങ്ങളെക്കുറിച്ച് റിപ്പബ്ലിക്കൻ സെനറ്ററായ ടോം കോട്ടൺ കഴിഞ്ഞദിവസം ഇന്റലിൻറെ ബോർഡ് ചെയർമാന് കത്ത് നൽകിയിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായും സൈന്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികളുമായുള്ള ടാനിന്റെ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ലിപ് ബു ടാൻ നേരത്തേ പ്രവർത്തിച്ചിരുന്ന 'കേഡൻസ് ഡിസൈൻ സിസ്റ്റംസ്' എന്ന കമ്പനി യുഎസിന്റെ കയറ്റുമതി ചട്ടങ്ങൾ ലംഘിച്ചതിന് അടുത്തിടെ കുറ്റസമ്മതം നടത്തിയതും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.ചൈനയുടെ 'നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജി'യ്ക്ക് ഹാർഡ് വെയർ, സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ വിറ്റതിലൂടെയാണ് ഈ കമ്പനി കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നത്.