വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുവാനും ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ 500 ഇവി ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കുന്നു. തമിഴ്നാട് ഗ്രീൻ എനർജി കോർപ്പറേഷൻ (ടിഎൻജിഇസിഎൽ) ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. നിലവിൽ സംസ്ഥാനത്തുള്ള 1300 ഇവി ചാർജിങ് സ്റ്റേഷനുകൾക്കു പുറമേയാണ് പുതുതായി 500 എണ്ണംകൂടി സജ്ജമാക്കുന്നത്.
ദേശീയ പാതകളിൽ ഓരോ 25 കിലോമീറ്ററിലും ചാർജിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കണമെന്ന കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം ആദ്യഘട്ടത്തിൽ ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-കന്യാകുമാരി ദേശീയ പാതകളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ചെന്നൈ നഗരത്തിൽമാത്രം 19 ചാർജിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
വിശ്രമഹാൾ, റെസ്റ്ററന്റുകൾ, ശുചിമുറികൾ, വിശാലമായ പാർക്കിങ് തുടങ്ങിയ വിവിധസൗകര്യങ്ങൾ ചാർജിങ് സ്റ്റേഷനുകളിൽ ഉണ്ടായിരിക്കും. നിർമാണത്തിനുള്ള സാങ്കേതികസഹായം നൽകുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡിവലപ്മെന്റ് പോളിസി (ഐടിഡിപി) ആണ്.
അതേസമയം നിലവിൽ സംസ്ഥാനത്തുടനീളമുള്ള 1300 ഇവി ചാർജിങ് സ്റ്റേഷനുകൾ എവിടെയൊക്കെ ആണെന്നു കണ്ടെത്താൻ ഡിജിറ്റൽ മാപ്പ് വികസിപ്പിക്കാനുളള ഒരുക്കത്തിലാണ് അധികൃതർ. ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് സമീപത്തുള്ള ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ മാപ്പ് വരുന്നതോടെ എളുപ്പത്തിൽ സാധിക്കും.