Drisya TV | Malayalam News

ഇൻസ്റ്റഗ്രാമിലെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് മെറ്റ

 Web Desk    6 Aug 2025

ഇൻസ്റ്റഗ്രാമിലെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാതൃകമ്പനിയായ മെറ്റ പുതിയ നയം അവതരിപ്പിച്ചു. കുറഞ്ഞത് 1,000 ഫോളോവേഴ്‌സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനിമുതൽ 'ലൈവ്' ഫീച്ചർ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇതുവരെ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിൻറെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഇൻസ്റ്റയിലെ ചെറിയ കണ്ടന്‍റ് ക്രിയേറ്റർമാരെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിച്ച ദൈനംദിന ഉപയോക്താക്കളെയും പുതിയ നയം ബാധിക്കാൻ സാധ്യതയുണ്ട്.

ലൈവ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും എന്നാൽ യോഗ്യത ഇല്ലാത്തവരുമായവർക്ക് ഈ ഫീച്ചർ ഇനി ലഭ്യമാകില്ലെന്ന അറിയിപ്പ് ലഭിക്കും. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ 50 സബ്‌സ്‌ക്രൈബർമാരിൽ താഴെ മാത്രം ഉള്ള ഉപയോക്താക്കളെ ലൈവ് ചെയ്യാൻ അനുവദിക്കുമ്പോഴാണ് ഇൻസ്റ്റ ലൈവിൽ ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധയമാണ്. പുതിയ നീക്കത്തിന് കാരണമെന്തെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടില്ല. ലൈവ് വിഡിയോകളുടെ കുറഞ്ഞ വ്യൂവർഷിപ്പ് സ്ട്രീമുകൾ ഹോസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവ് കുറക്കുന്നതിനാണ് ഈ നീക്കമെന്ന് വിലയിരുത്തലുണ്ട്.

ആവശ്യമായ ഫോളോവേഴ്‌സ് എണ്ണം ഇല്ലാതെ ലൈവ് ആകാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ഇത് അവരുടെ പ്രേക്ഷകരെ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഉപയോക്താക്കളെ അവരുടെ ഫോളോവേഴ്‌സുമായി കൂടുതൽ സജീവമായി ഇടപഴകാൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ഊർജസ്വലമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കരുതുന്നു.

  • Share This Article
Drisya TV | Malayalam News