ഇന്ത്യയിൽ വൈദ്യുതവാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലെന്ന് നിതി ആയോഗ് റിപ്പോർട്ട്. അനുകൂല സാഹചര്യങ്ങളുപയോഗപ്പെടുത്തിയാൽ 2030-ഓടെ രാജ്യത്തെ വാഹനവിൽപ്പനയുടെ 30 ശതമാനം വൈദ്യുതവാഹനങ്ങളാക്കാനാവുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 2016-ൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം 50,000 യൂണിറ്റായിരുന്നു. 2024-ൽ ഇത് 20.8 ലക്ഷമായി. ഈ സമയം ആഗോള തലത്തിൽ 9.18 ലക്ഷത്തിൽനിന്ന് 1.88 കോടിയായി. 2020-ൽ ഇന്ത്യയുടെ വൈദ്യുത വാഹന മുന്നേറ്റം ആഗോളനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചിലൊന്നായിരുന്നെങ്കിൽ 2024-ൽ അത് അഞ്ചിൽ രണ്ടായി. ഇത് മുന്നേറ്റമാണ് കാണിക്കുന്നതെന്നും അതിനാൽ കൃത്യമായ പദ്ധതിയിലൂന്നിയാൽ ലക്ഷ്യം കൈവരിക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈദ്യുതവാഹനങ്ങളുടെ സൂചികയിൽ ഡൽഹി, മഹാരാഷ്ട്ര, ഛത്തിസ്ഗഢ് എന്നിവയാണ് മുന്നിലുള്ളത്. ഹരിയാണ, കർണാടക, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ചാർജിങ് സൗകര്യങ്ങൾ വർധിച്ചു. ഗവേഷണത്തിലും പുതുമയിലും ഡൽഹി, തമിഴ്നാട്, കർണാടക, ഹരിയാണ, തെലങ്കാന എന്നിവ മുന്നിട്ടുനിൽക്കുന്നു. ഈ രണ്ടു മേഖലയിലും കേരളം 24-ഉം 11-ഉം സ്ഥാനങ്ങളിലാണ്.