Drisya TV | Malayalam News

ഫോൺ നമ്പറുകൾ പങ്കിടാതെ ആളുകളുമായി ചാറ്റ് ചെയ്യാം,വാട്‌സ്ആപ്പിൽ യൂസർനെയിം ഫീച്ചർ വരുന്നു

 Web Desk    6 Aug 2025

വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുമായി ചാറ്റ് ചെയ്യണമെങ്കിൽ നമ്പർ കൊടുക്കുന്നത് പലപ്പോഴും സ്വകാര്യതക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക വാട്‍സ്‌ആപ്പ് ഉപയോക്താക്കൾക്കുണ്ട്. എന്നാൽ അനാവശ്യ മെസേജുകൾ ഒഴിവാക്കാൻ 'യൂസർ നെയിം കീകൾ' എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ ഡബ്യു.എ ബീറ്റഇൻഫോ വെളിപ്പെടുത്തി.

വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് കമ്പനി യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. യൂസർനെയിം ആയിരിക്കും ആദ്യത്തേത്. ഇത് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അതായത്, ഒരു വാട്‌സ്ആപ്പ് ഉപയോക്താവ് മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്‍റെ മൊബൈല്‍ നമ്പർ നൽകുന്നതിന് പകരം തന്‍റെ യൂസർ നെയിം മാത്രം പങ്കിടാം. ഈ സവിശേഷത മെസേജ് പ്ലാറ്റ്ഫോമായ ടെലഗ്രാമിലേതിത് സമാനമായി പ്രവർത്തിക്കും.

ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽനിന്ന് സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയക്കാൻ കഴിയില്ല. അനാവശ്യമായതും സ്‍പാം ആയതുമായ സന്ദേശങ്ങൾ തടയുന്നതിന് ഈ ഫീച്ചർ സഹായിക്കും.

  • Share This Article
Drisya TV | Malayalam News