ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയർത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവർത്തിച്ചു.
ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ ഉയർത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
ഇന്ത്യ, വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതിൽ ഏറിയ പങ്കും ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നു. യുക്രൈനിൽ എത്രയാളുകൾ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവർക്ക് ആശങ്കയില്ല.അതിനാൽ ഇന്ത്യ, യുഎസ്എയ്ക്ക് നൽകേണ്ടുന്ന തീരുവ ഞാൻ ഉയർത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടുപിറ്റേന്ന് തീരുവ അടുത്ത 24 മണിക്കൂറിനകം ഉയർത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.