ബ്രഹ്മോസ് മിസൈലിന് പുറമെ ഇന്ത്യയിൽനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഫിലിപ്പീൻസ്. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് ആർ മാർക്കോസ് ജൂനിയറിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുമായുള്ള പ്രതിരോധ നോവിക സുരക്ഷ, വ്യാപാരം എന്നീ മേഖലയിലുള്ള സഹകരണം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയിൽനിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള താത്പര്യം അദ്ദേഹം ഇന്ത്യയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മാർക്കോസ് ജൂനിയർ ഇന്ന് ന്യൂഡൽഹിയിൽ എത്തും.
കഴിഞ്ഞ ഏപ്രിലിലാണ് ഫിലിപ്പീൻസിന് ഇന്ത്യ രണ്ടാമത്തെ ബാച്ച് ബ്രഹ്മോസ് മിസൈൽ യൂണിറ്റ് കൈമാറിയത്. 3.75 കോടി ഡോളർ ( 328.17 കോടി ഇന്ത്യൻ രൂപ) ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ ബ്രഹ്മോസ് മിസൈലിനായി നടന്നത്. 2022-ലായിരുന്നു ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം മൂന്ന് ബ്രഹ്മോസ് മിസൈൽ സംവിധാനമാണ് ഇന്ത്യ കൈമാറേണ്ടത്.
ഇന്ത്യ വികസിപ്പിച്ച ആയുധങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും കൂടുതൽ ആയുധങ്ങളിൽ താത്പര്യമുണ്ടെന്നും ഫിലിപ്പീൻസ് വ്യോമസേന മേധാവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽനിന്ന് അധികമായി രണ്ട് ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങൾ കൂടി ഫിലിപ്പിൻസ് വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫിലിപ്പിൻസിന് പുറമെ മറ്റ് രണ്ട് കിഴക്കനേഷ്യൻ രാജ്യങ്ങൾ കൂടി ബ്രഹ്മോസ് മിസൈലിൽ താത്പര്യമറിയിച്ചിട്ടുണ്ട്. ഇൻഡൊനീഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് മിസൈൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇൻഡൊനീഷ്യയുമായുള്ള ചർച്ചകൾ നടക്കുകയാണ്. 4.5 കോടി ഡോളറിന്റെ ഇടപാടാണ് ഇൻഡൊനീഷ്യയുമായി പ്രതീക്ഷിക്കുന്നത്. 6.25 കോടിയുടെ ഇടപാടാകും വിയറ്റ്നാമുമായി ഉണ്ടാകുക. നേരത്തെ പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്നാമിന് ഒരുകോടി ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റായി 12 ഹൈസ്പീഡ് ഗാർഡ് ബോട്ടുകൾ ഇന്ത്യ നൽകിയിരുന്നു.