Drisya TV | Malayalam News

മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ

 Web Desk    24 Jun 2025

കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്. 12 ഗ്രാം ഓളം എംഡിഎംഎ യും ഇയാളിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 20 കിലോ കഞ്ചാവ് കൈവശം
വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്. തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്.
ഇതിനായി വിദ്യാർത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. കൂട്ടാളി സംഘത്തെയും പിടികൂടാൻ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഒരുമാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയേയും സമാനമായ കേസിൽ പിടികൂടിയിരുന്നു. കോട്ടയം ഡിവൈഎസ്‌പി അനീഷ് കെ ജി ,നർക്കോട്ടിക് സെൽ ഡിവൈഎസ്പ‌ി എ.ജെ തോമസ്,ഈസ്റ്റ് എസ് എച്ച് ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ മാരായ പ്രവീൺ, മനോജ്, പ്രീതി, പ്രദീപ് സീനിയർ സിപിഒ രമേശൻ, കഹാർ, കിഷോർ, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

  • Share This Article
Drisya TV | Malayalam News