Drisya TV | Malayalam News

ഇന്ത്യൻ നാടൻ വാറ്റായ "മണവാട്ടി'ക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം 

 Web Desk    16 Jun 2025

ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടൻ വാറ്റായ "മണവാട്ടി'ക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്റിജ് ട്രേഡ് നെറ്റ‌്വർക്ക് സംഘടിപ്പിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2025ൽ 'മണവാട്ടി' വെങ്കല മെഡൽ കരസ്ഥമാക്കി. കൂടാതെ, ഇന്റർനാഷനൽ വൈൻ ആൻഡ് സ്‌പിരിറ്റ് കോംപറ്റിഷൻ വാർഷിക പുരസ്കാര വേദിയിൽ 'സ്പിരിറ്റ് ബ്രോൺസ് 2025' പുരസ്ക‌ാരവും 'മണവാട്ടി' സ്വന്തമാക്കി. കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേർക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉൽപന്നമായതിനാലാണ് 'മണവാട്ടി' ഈ നേട്ടങ്ങൾ കൈവരിച്ചത്.

കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് 'മണവാട്ടി' നിർമിക്കുന്നത്. നിരവധി വിദേശ മദ്യ ബ്രാൻഡുകളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ഉൽപന്നം ആഗോള അംഗീകാരം നേടിയത്. പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാത്തതും സ്വാഭാവിക രുചിയും ഗന്ധവുമാണ് "മണവാട്ടി'യെ വിദേശികൾക്കിടയിൽ പ്രിയങ്കരമാക്കിയത്.

അന്നജം, കൊഴുപ്പ്, മധുരം എന്നിവയുടെ അഭാവവും ഈ നാടൻ വാറ്റിന് ഗുണകരമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ വാറ്റിയെടുക്കുന്ന 'മണവാട്ടി'യിൽ 44% ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിനായി പിന്തുടരുന്നത്. ലണ്ടനിലെ മുൻനിര ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സ്‌ഥാപനമായ ക്യാംപ്ഡൻ ബി. ആർ. ഐ 'മണവാട്ടി'ക്ക് ഉയർന്ന മാർക്ക് നൽകിയിട്ടുണ്ട്.

പുരസ്കാര നിർണ്ണയത്തിൽ മദ്യത്തിന്റെ രുചി ഒരു പ്രധാന ഘടകമായിരുന്നു. വിദഗ്‌ധരായ ജഡ്‌ജിമാർ ഓരോ മദ്യവും രുചിച്ചതിന് ശേഷമാണ് വിധി നിർണ്ണയിക്കുന്നത്. ഇതിനു പുറമെ മദ്യത്തിന്റെ ഗുണമേന്മ, വില, പാക്കേജിങ്, വിപണന സാധ്യത, വിലയ്ക്ക് ലഭിക്കുന്ന മൂല്യം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കും. ഇത്തവണത്തെ മത്സരത്തിൽ മറ്റ് ഇന്ത്യൻ ബ്രാൻഡുകൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. മദ്യ നിർമാണത്തിലെ പരമ്പരാഗത രീതികൾക്ക് ലഭിച്ച ആഗോള അംഗീകാരമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടൻ ബാരൺ ലിമിറ്റഡിന്റെ ഡയറക്‌ടർ ജോൺ സേവ്യർ പ്രതികരിച്ചു.

ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രാൻഡായി 'മണവാട്ടി'യെ വളർത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഗ്രേ മക്കെൻസീ ആൻഡ് പാർട്ട്ണേഴ്സിന്റെ എല്ലാ ഔട്ട്ലറ്റ്ലെറ്റുകളിലും കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും "മണവാട്ടി'' ലഭ്യമാണ്.

  • Share This Article
Drisya TV | Malayalam News