Drisya TV | Malayalam News

ആമസോണിൽ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോൾ പാക്കേജില്‍ ഈ കാര്യം ശ്രദ്ധിക്കുക 

 Web Desk    10 Jun 2025

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍ ലഭിക്കാത്തതുമുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികവരെ പാഴ്‌സലായി വരുന്ന സംഭവങ്ങളടക്കം ഉണ്ടാകുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ചിരുന്നു. ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഓര്‍ഡര്‍ ലഭിച്ച ഉടന്‍തന്നെ പാക്കേജിംഗില്‍ പ്രത്യേക മാര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

സാധനങ്ങള്‍ വാങ്ങുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധനങ്ങള്‍ സുരക്ഷിതമായി എത്തുന്നുണ്ട് , അതില്‍ കൃത്രിമം ഇല്ല എന്ന് ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗ് സാങ്കേതിക വിദ്യയാണ് ആമസോണ്‍ നടപ്പിലാക്കിയിരിക്കുന്നത്. ആമസോണ്‍ ഇതിനോടകം തന്നെ ഈ നൂതന പാക്കേജിംഗ് രീതി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ആമസോണില്‍ പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷമായ സീലുകളുണ്ട്. ഇതുപ്രകാരം പാക്കേജിംഗില്‍ പ്രത്യേക ഡോട്ടുകള്‍ ഉണ്ട്. പാക്കേജ് തുറക്കുമ്പോള്‍ ഈ ഡോട്ടുകളുടെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പക്ഷേ പാക്കേജ് തുറന്നാല്‍ ഇത് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഉപയോക്താക്കള്‍ ആമസോണ്‍ ഇപ്പോള്‍ ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമുളള ഒരു പ്രത്യേകതരം ടേപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെളള നിറത്തിലുളള ഡോട്ടാണ് നിങ്ങളുടെ പാക്കേജില്‍ ഉള്ളതെങ്കില്‍ അത് ആരും തുറന്നിട്ടില്ല എന്നും. പിങ്കോ ചുവപ്പോ നിറത്തില്‍ ഡോട്ടുകള്‍ കണ്ടാല്‍ നിങ്ങളുടെ പാക്കേജ് മറ്റാരോ തുറന്നിട്ടുണ്ടെന്ന് മനസിലാക്കുകയും ചെയ്യാം. അതുകൊണ്ട് നിറം മാറിയ ഡോട്ടുള്ള പാക്കേജ് കണ്ടാല്‍ സ്വീകരിക്കരുത്.

നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ കൃത്രിമത്വം തടയുന്ന ഈ പാക്കേജിംഗ് ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • Share This Article
Drisya TV | Malayalam News