Drisya TV | Malayalam News

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചു

 Web Desk    10 May 2025

''ഓപ്പറേഷൻ സിന്ദൂർ'' എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിനെത്തുടർന്ന് കടുത്തവിമർശനം ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ഉത്തം മഹേശ്വരി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയിൽ അറിയിച്ചു. ചിത്രം പ്രഖ്യാപിച്ചതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകൻ കുറിച്ചു.

ഇന്ത്യൻ സായുധ സേനയുടെ വീരോചിതമായ പ്രയത്നങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചതെന്ന് സംവിധായകൻ പറയുന്നു. സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പർശിച്ചു. ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാൻ ആഗ്രഹിച്ചു. പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യം. എന്നാൽ ചിത്രം പ്രഖ്യാപിച്ച സമയം ചിലർക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതിൽ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയ്ക്ക് ഇന്ത്യൻ സൈന്യം നൽകിയ പേരാണ് 'ഓപ്പറേഷൻ സിന്ദൂർ'. ഇതേപേരിലാണ് ഉത്തം മഹേശ്വരി സംവിധാനംചെയ്യാനിരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പഖ്യാപിച്ചത്. നിക്കി വിക്കി ഭഗ്നാനി ഫിലിംസും ദി കണ്ടന്റ് എൻജിനീയറുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നു. സൈനിക യൂണിഫോമിൽ റൈഫിളുമേന്തി പുറംതിരിഞ്ഞുനിൽക്കുന്ന വനിത നെറ്റിയിൽ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്. 'ഭാരത് മാതാ കീ ജയ്' എന്ന് ത്രിവർണത്തിൽ എഴുതിയിരിക്കുന്നതായും പോസ്റ്ററിൽ കാണാം. ചിത്രത്തിലെ അഭിനേതാക്കൾ അടക്കമുള്ള മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

  • Share This Article
Drisya TV | Malayalam News