ചക്കയുടെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതിയുണ്ട്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഇടിയൻ ചക്കയ്ക്കു പിന്നാലെ മൂപ്പെത്തിയ ചക്കയ്ക്കും ആവശ്യക്കാർ ഏറെയാണ്. ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻചക്ക കയറ്റി പോകുന്നത്. ഔഷധമൂല്യം ഏറെയുള്ള ചക്ക മറുനാട്ടുകാരുടെ ഇഷ്ടഭക്ഷണമായി മാറി. മലയോരമേഖലയിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ പ്ലാവ് കൃഷി വ്യാപകമായിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ മാർക്കറ്റുകളിലും ചക്ക സജീവമാണ്. വരിക്ക ചക്കയ്ക്കും ചക്ക വറ്റലിനുമാണ് ഡിമാൻഡ്.
തുച്ഛമായ വിലയ്ക്ക് ലോഡ്‌കണക്കിന് തമിഴ്നാട്ടിൽ എത്തിച്ച് വറ്റലായി തിരികെ ഇവിടെ എത്തുമ്പോൾ കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് വില. പഴുത്ത വരിക്കച്ചക്കയുടെ ചുളയ്ക്ക് എണ്ണം പറഞ്ഞാണ് തമിഴന്മാർ വിൽക്കുന്നത്. നല്ല മധുരമുള്ള വലിയ ചുളയാണെങ്കിൽ ഒന്ന് വാങ്ങാൻ അഞ്ചുരൂപവരെ നൽകണം. ചില അവസരങ്ങളിൽ വില കുറയാറുണ്ട്. കേരളത്തിൽ നിന്നുള്ള വരിക്കച്ചക്കയ്ക്ക് മധുരം കൂടുതലാണ്.