ചെറുകിട വ്യാപാരികളെയും ഡിജിറ്റൽ പേയ്മെന്റുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപ വരെയുള്ള യു.പി.ഐ പേയ്മെന്റുകളുടെ ബില്ലുകൾ സർക്കാർ വഹിക്കുന്നത് തുടരും. ഈ തീരുമാനത്തിലൂടെ ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. ചെറുകിട മൂല്യമുള്ള യു.പി.ഐ ഇടപാടുകൾക്കുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭഅംഗീകാരം നൽകി. യു.പി.ഐ ഇടപാടുകളുടെ ചിലവ് കുറച്ച് ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയാണ് കാലാവധി എന്നാൽ അടുത്ത വർഷവും തുടരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു.
ഈ പദ്ധതി പ്രകാരം, യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% പ്രോത്സാഹനം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ മാത്രമാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഈ പദ്ധതിക്കായി ഏകദേശം 1,500 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. റുപേ ഡെബിറ്റ് കാർഡുകളും ഭീം-യു.പി.ഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ വലിയ പങ്കുവഹിച്ചതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2021-22 സാമ്പത്തിക വർഷത്തിൽ 8,839 കോടി ഇടപാടുകൾ നടന്ന സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ അത് 18,737 കോടിയായി ഉയർന്നു. ഉപഭോക്താക്കൾക്ക് അധിക ചിലവുകളില്ലാതെ യു.പി.ഐ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% പ്രോത്സാഹനം ലഭിക്കുന്നത് യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കാൻ സഹായകമാകും.