Drisya TV | Malayalam News

മാലിന്യം പെറുക്കി വിറ്റ് 23 -കാരി ഒരു മാസം സമ്പാദിക്കുന്നത് 9 ലക്ഷം രൂപ 

 Web Desk    8 Feb 2025

യുഎസിലെ ടെക്സാസ് സ്വദേശിനിയായ 23 വയസുകാരി സീസണ്‍ സമയത്തെ ഒരു മാസം മാലിന്യം ശേഖരിച്ച് വിറ്റ് നേടുന്നത് 9 ലക്ഷമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്സാസുകാരിയായ എല്ലാ റോസ്, തന്‍റെ 13 -മത്തെ വയസില്‍ ഒരു കൌതുകത്തിനാണ് മാലിന്യ ശേഖരത്തിൽ ആദ്യമായി പരിശോധന നടത്തുന്നത്. അന്ന് ആ കൌമാരക്കാരിക്ക് ചില കളിപ്പാട്ടങ്ങൾ ലഭിച്ചു. പക്ഷേ. വീട്ടില്‍ നിന്നും ആവശ്യത്തിലേറെ വഴക്കും കിട്ടി. 

മാതാപിതാക്കളുടെ വഴക്കിനെക്കാൾ കളിപ്പാട്ടമായിരുന്നു അവളെ കീഴടക്കിയത്. അതുകൊണ്ട് തന്നെ അവൾ വീണ്ടും വീണ്ടും മാലിന്യകൂമ്പാരത്തിലേക്ക് എത്തി. പതുക്കെ അവള്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചു. തന്‍റെ വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകൾക്ക് മുന്നിൽ അവൾ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പിന്നാലെ സൂപ്പര്‍മാർക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വസ്കുക്കൾ ശേഖരിച്ച് അവൾ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് മുന്നോടിയാണെന്ന് എല്ലാ റോസ് തിരിച്ചറിഞ്ഞില്ല. പത്ത് വര്‍ഷങ്ങൾക്കിപ്പുറത്ത് ഇന്ന് ലക്ഷാധിപതിയാണ് എല്ലാ റോസ്.

50,000 രൂപ വിലയുള്ള ഒരു ഡൈസൺ എയർറാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്‍റീനോ പരിശീലക ഉപകരണങ്ങളുമാണ് തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെന്ന് എല്ലാ റോസ് പറയുന്നു. സൂപ്പര്‍മാർക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന പലതും ബ്രാന്‍റഡ് വസ്തുക്കളായിരിക്കും. അവയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്‍റാണെന്നും എല്ലാ കൂട്ടിചേര്‍ക്കുന്നു. ഓഫ് സീസണില്‍ കുറഞ്ഞത് 45,000 രൂപയും സീസണില്‍ 9 ലക്ഷം രൂപവരെയും മാസ വരുമാനം ലഭിക്കുന്നെന്നും എല്ലാ പറയുന്നു. ഒപ്പം താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവൾ പങ്കുവയ്ക്കുന്നു. ഇത് തനിക്ക് ബിസിനസില്‍ വിശ്വാസ്യത നേടിത്തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വരുമാന മാർഗ്ഗം കണ്ടെത്തിയതിനാല്‍ ഇന്ന് വീട്ടുകാരും എല്ലയെ പിന്തുണയ്ക്കുന്നു.

  • Share This Article
Drisya TV | Malayalam News