ജൈവികമായി നിർമ്മാർജനം ചെയ്യാവുന്ന ഹരിത കുപ്പികൾ വിപണിയിലിറക്കുന്നതിന് മുന്നോടിയായി പദ്ധതി അവസാന പരീക്ഷണ ഘട്ടത്തിലാണ്. പ്രായോഗികമായാൽ രാജ്യത്ത് ആദ്യമായി സർക്കാർ തലത്തിൽ ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് ഹില്ലിയാകും.കൊച്ചി ആസ്ഥാനമായ സ്റ്റാർട്ട്അപ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. കുപ്പികൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്നത് കമ്പനിയാണ്. ഹില്ലി ഉത്പാദിപ്പിക്കുന്ന ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) നിർമ്മാണ ചുമതല. വിനോദസഞ്ചാര കേന്ദ്രങ്ങൾ,തീർത്ഥാടന കേന്ദ്രങ്ങൾ,മെട്രോ നഗരങ്ങൾ തുടങ്ങി ഹരിതചട്ടം പാലിക്കപ്പെടേണ്ട എല്ലായിടങ്ങളിലും ഹരിത കുപ്പികൾ വിതരണം ചെയ്യാനാകും.
ചോളം,കരിമ്പ് എന്നിവയുടെ പശയിൽ നിന്നാണ് (സ്റ്റാർച്ച്) കുപ്പികൾ ഉത്പാദിപ്പിക്കുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് സമാനമാണ്. പരിസ്ഥിതി സൗഹൃദത്തിന് പുറമേ ആറുമാസത്തിനുള്ളിൽ പൂർണമായും ജീർണിച്ച് മണ്ണിൽ ലയിക്കും. കുപ്പികൾക്ക് പുറമേ അടപ്പും ലേബലുമെല്ലാം ഹരിതചട്ടം പാലിച്ചുള്ളതായിരിക്കും.