ഇന്നലെ രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക് ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്.സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചേർന്നു പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽനിന്നു പടിക്കട്ടിലേക്കു ചാടി. തുടർന്ന് ഇവിടെനിന്നു പാമ്പിനെ പിടികൂടി കുപ്പിയിൽ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിനു വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നു വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്കു സമീപത്തുനിന്നു പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.
തീർഥാടനം തുടങ്ങിയശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 5 അണലികളെയും 14 കാട്ടുപാമ്പുകളെയും പിടികൂടി.സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.